കോട്ടയം : പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാതെ പുകയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മാണി സി കാപ്പന്‍ എത്തിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ട് തവണ അനുമതി നിഷേധിച്ചു. എന്‍സിപി സംസ്ഥാന നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷം ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചിരുന്നു.
കൂടാതെ നാല് സീറ്റില്‍ തന്നെ മത്സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമനുവദിക്കാത്തതടക്കം പല കാര്യങ്ങളും ഉണ്ടായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കോട്ടയത്തെത്തിയ മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം എഐസിസി വക്താവ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ ചില യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണി സി കാപ്പനെ യുഡിഎഫ് സീറ്റില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു.