ത്രിപുര : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്. ഇന്നലെ ബിപ്ലവ്കുമാര്‍ ദേബ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതൃമാറ്റം നടപ്പാക്കി മുഖം മിനുക്കാന്‍ ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് നിലവില്‍ മണിക് സാഹ. ദന്ത ഡോക്ടറായിരുന്ന 2016 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ലവ് കുമാര്‍ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ എതിര്‍പ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് വരുത്തി അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ലവ് ദേബിനെ അറിയിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് ബിപ്ലവ്കുമാര്‍ ദേബ് ഗവര്‍ണ്ണര്‍ എസ്.എന്‍.ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാര്‍ട്ടിയാണ് വലുതെന്ന് ദേബ് പ്രതികരിച്ചു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു.