കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നുവെന്നാണ് സൂചനകള്‍. കഴിഞ്ഞദിവസം ദിലീപിന്‍റെ സഹോദരന്‍ അനൂപും ദിലീപിന്‍റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍. എന്നാല്‍ കാവ്യാ മാധവന്‍, നടന്‍ ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാം ഇനി ചോദ്യംചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.