മണ്ണടി : 128 വർഷത്തിലേറെ പഴക്കമുള്ള മണ്ണടി ഗവ.എൽ.പി.ബി.എസ്. സ്കൂളിന്റെ ഓടിട്ടകെട്ടിടം മുഴുവൻ ചോരുന്നു. കെട്ടിടം ഏതുനിമിഷവും നിലംപൊത്താം. കൂടാതെ സ്കൂളിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ആർച്ചും അപകടാവസ്ഥയിലാണ്. കുട്ടികളെ ഇപ്പോൾ സ്കൂളിന് എതിർവശത്തുള്ള ഒരു ലൈബ്രറി കെട്ടിടത്തിലും സ്കൂളിളോട് ചേർന്നുള്ള ചെറിയ ഓഫീസ് കെട്ടിടത്തിലുമാണ് പഠിപ്പിക്കുന്നത്. പ്രീ പ്രൈമറിമുതൽ നാലുവരെയുള്ള ക്ലാസുകളായി 38 കുട്ടികളാണിവിടെ. സ്കൂളിന്റെ ദുരവസ്ഥയും അധ്യാപകരുടെ പ്രയാസവും കണ്ടാണ് അടുത്തിടെ നിർമാണം പൂർത്തിയാക്കിയ ലൈബ്രറി കെട്ടിടത്തിൽ ഭാരവാഹികൾ കുട്ടികൾക്കായി ഒരു ഇരിപ്പിടം നൽകിയത്.
ഗ്രന്ഥശാലാ കെട്ടിടത്തിലും ഓഫീസ് കെട്ടിടത്തിലും ഡെസ്ക് ഇടാനുള്ള അസൗകര്യമുണ്ട്. ഇതിനാൽ കസേരയിൽ ഇരുന്നാണ് കുട്ടികൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത്. കുട്ടികൾക്ക് ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ വളരെയേറെ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഗ്രന്ഥശാലയിൽ വെള്ളത്തിന്റെ സൗകര്യവും ശൗചാലയവും ഇല്ലാത്തതിനാൽ ഉച്ചഭക്ഷണത്തിനും പ്രാഥമിക കൃത്യത്തിനും സ്കൂൾകെട്ടിടത്തിൽ അധ്യാപകർ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കാലപ്പഴക്കമാണ് സ്കൂളിന്റെ ദുരവസ്ഥയ്ക്ക് കാരണം. സമീപത്തെ സ്കൂളുകൾക്കൊക്കെ കെട്ടിടങ്ങൾ പലതും ഉയർന്നപ്പോഴും മണ്ണടി ഗവ.എൽ.പി.ബി.എസ്. സ്കൂളിനെ മാത്രം അവഗണിച്ചുവെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. ഒട്ടേറെ തവണ പരാതിയും നിവേദനവുമായി എം.എൽ.എ., മന്ത്രിതലങ്ങളിൽവരെ പോയി സ്കൂൾകെട്ടിട ആവശ്യത്തിനായി. പക്ഷേ നാളിതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.