കുളനട : അച്ചൻകോവിലാറിന് കുറുകെ തുമ്പമൺ താഴം മണ്ണാകടവിൽ പണിയാനുദ്ദേശിക്കുന്ന പാലത്തിന്‍റെ ടെൻഡർ നടപടി തുടങ്ങി. തുമ്പമൺ – കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാകടവിൽ പുതിയ പാലം പണിയുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചതിനുപിന്നാലെയാണ് ടെൻഡർ വിളിച്ചിട്ടുള്ളത്. പദ്ധതി തുക 5.28 കോടി രൂപയായി ഉയർത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ഭരണാനുമതിയും പുതുക്കി ലഭിച്ചു. 2021-ലെ ബജറ്റിൽ 3 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. രൂപരേഖ പ്രകാരം ഈ തുക അപര്യാപ്തമാണെന്ന് കണ്ടാണ് പിന്നീട് വർധിപ്പിച്ചത്. 2018-ലെ പ്രളയത്തിലുണ്ടായ ജലനിരപ്പ് കണക്കിലെടുത്ത് ജലസേചനവകുപ്പ് പാലത്തിന്റെ ഉയരത്തിലും അനുബന്ധ പാതയിലും മാറ്റം വരുത്തി.
ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ വരുകയും ഈ വിഷയത്തിൽ ഇടപെട്ട് മണ്ണാകടവിൽ പുതിയ പാലത്തിനായി 3 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. 2018 മുതൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഭാവിയിൽ ഗുണപ്രദമാകുന്ന തരത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം. പദ്ധതി വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ് എന്നിവരെ സമീപിച്ചിരുന്നു. നിർദിഷ്ട പാലത്തിന് 84.8 മീറ്റർ നീളവും 4.85 മീറ്റർ വീതിയുമാണുള്ളത്.