ആലപ്പുഴ : മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
11 മണിയോടെയാണ് ആലത്തൂര്‍ വടക്കാഞ്ചേരി ദേശീയപാതയിലാണ് യുവതിയെ കാണുന്നത്. ഈ സമയം യുവതി വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി നാട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. നാലു ദിവസം മുമ്പാണ് ബിന്ദു ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.
അപ്പോള്‍ മുതല്‍ യുവതി സ്വര്‍ണക്കടത്ത് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്