പത്തനംതിട്ട : ഡിബഞ്ചറുകള്‍ അഥവാ കടപ്പത്രത്തിലൂടെ (NCD) കോടികള്‍ സമാഹരിച്ച പല കമ്പിനികളും ഏറെ താമസിയാതെ പൂട്ടും. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളാണ് (NBFC) നോണ്‍ കണ്‍വേര്‍ട്ടബില്‍ ഡിബഞ്ചറുകളിലൂടെ (NCD) വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. ഡിബഞ്ചറുകളില്‍ (കടപ്പത്രം) പണം നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ല. റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും ഈ നിക്ഷേപങ്ങള്‍ക്ക് ലഭിക്കില്ല. ചുരുക്കം ചില NBFC കള്‍ ഒഴികെ മിക്കവരും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്. തുടര്‍ച്ചയായി തട്ടിപ്പിന് ഇരയായാലും ഇത്തരം സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുവാന്‍ മലയാളികളാണ് മുമ്പില്‍ നില്‍ക്കുന്നത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപം ഇരട്ടിക്കുമെന്ന മോഹനവാഗ്ദാനമാണ് കോടികള്‍ ചെലവഴിക്കുന്ന പരസ്യത്തിലൂടെ ഇവര്‍ നല്‍കുന്നത്. ഇതില്‍ നിക്ഷേപകന്‍ പൂര്‍ണ്ണ അന്ധനാകുകയാണ്. ചുരുങ്ങിയ കാലത്തിനിടക്ക് നിരവധി നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളാണ് (NBFC) നിക്ഷേപകരുടെ കോടികളുമായി മുങ്ങിയത്. കേസും കോടതിയുമായി കയറിയിറങ്ങുകയാണ് മിക്ക നിക്ഷേപകരും.
NBFC കളില്‍ എത്തുന്ന പണം പലരും വകമാറ്റി ചെലവഴിക്കുകയാണ്. ആഡംബര ജീവിതത്തിനും വസ്തുക്കള്‍ വാങ്ങുവാനുമാണ് ചിലര്‍ ഈ പണം ഉപയോഗിക്കുന്നത്. ഓരോ വര്‍ഷവും കാലാവധി പൂര്‍ത്തിയാകുന്ന NCDകള്‍ മുതലും പലിശയും അടക്കം തിരികെ നല്‍കുവാന്‍ കൂടുതല്‍ തുകയുടെ NCD കള്‍ പുറത്തിറക്കും. ഇത് ഏറെ നാളായി നടന്നുവരുന്ന ഒരു പ്രക്രിയയാണ്. പ്രതീക്ഷിക്കുന്ന നിക്ഷേപം സമാഹരിക്കുവാന്‍ 2018 വരെ പല കമ്പിനികള്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ കോവിഡിനു ശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യം പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പും പിന്നീട് തുടര്‍ച്ചയായി കേരളത്തില്‍ നടന്ന നിക്ഷേപ തട്ടിപ്പുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപകരെ അകറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്യമിടുന്നതിന്റെ 40% പോലും നിക്ഷേപം സമാഹരിക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. വന്‍ പരസ്യത്തോടെ വരുന്ന NCD കള്‍ വിറ്റഴിക്കാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദവുമുണ്ട്. പതിനായിരം രൂപ മാത്രം ശമ്പളം പറ്റുന്ന ക്ലാര്‍ക്കിനു പോലും ടാര്‍ജറ്റ് അടിച്ചേല്‍പ്പിച്ചിട്ടും മിക്ക കമ്പിനികളും ലക്‌ഷ്യം കാണുന്നില്ല. അതുകൊണ്ടുതന്നെ കാലാവധി പൂര്‍ത്തിയാകുന്ന NCD നിക്ഷേപം കൃത്യസമയത്ത് മടക്കി നല്‍കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. ഈ അവസ്ഥയില്‍ ഏറെനാള്‍ മുമ്പോട്ട് പോകുവാന്‍ ആര്‍ക്കും കഴിയില്ല.
കൂനിന്മേല്‍ കുരു എന്നപോലെ റിസര്‍വ് ബാങ്കിന്റെ പുതിയ നിയമം 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. കാലാവധി പൂര്‍ത്തിയാകാത്ത ഡിബഞ്ചറുകള്‍ അഥവാ കടപ്പത്ര നിക്ഷേപങ്ങള്‍, നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ ജനുവരി മുതല്‍ തിരികെ നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. NBFC കള്‍ കടപ്പത്രത്തിലൂടെ സ്വീകരിക്കുന്ന നിക്ഷേപം അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം പൂര്‍ണ്ണമായി തിരികെ നല്‍കണം. ഇങ്ങനെയുള്ള നിക്ഷേപത്തിന് പലിശ ഒന്നും ലഭിക്കില്ല എന്ന് മാത്രം. അടിയന്തിരാവശ്യത്തിനല്ലെങ്കിലും നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപം മടക്കിനല്കണം. എന്നാല്‍ നിക്ഷേപത്തിന്റെ പകുതി തുക മാത്രമേ ഇപ്രകാരം മടക്കി ലഭിക്കുകയുള്ളൂ. അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകമാകുന്നത്. മുഴുവന്‍ നിക്ഷേപവും നഷ്ടപ്പെടുന്നതിലും നല്ലതല്ലേ പകുതിയെങ്കിലും കയ്യില്‍ കിട്ടുന്നത് എന്ന് നിക്ഷേപകര്‍ ചിന്തിച്ചാല്‍ പല സ്ഥാപനവും പൂട്ടേണ്ടിവരും.
എന്‍.ബി.എഫ്.സികള്‍ വിവിധയിനം കടപ്പത്രത്തിലൂടെയാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രധാനം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണ്. അതായത് ഈ നിക്ഷേപം ഓഹരിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ കണ്‍വേര്‍ട്ട് ചെയ്യുവാന്‍ കഴിയില്ല. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മാത്രമേ ഈ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും കഴിയുമായിരുന്നുള്ളു. ഉദാഹരണമായി അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള NCD യിലാണ് നിങ്ങള്‍ പണം നിക്ഷേപിച്ചതെങ്കില്‍ ഈ കാലാവധി കഴിഞ്ഞു മാത്രമേ നിങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും അവകാശം ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുകയാണ്. പലിശ നഷ്ടപ്പെട്ടാലും നിക്ഷേപം മുഴുവനായോ ഭാഗികമായോ തിരികെ ലഭിക്കും. നിക്ഷേപകര്‍ NCD കള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒന്നിച്ചെത്തിയാല്‍ പിന്നെ സ്ഥാപനം പൂട്ടി മുങ്ങുക മാത്രമേ പലര്‍ക്കും വഴിയുള്ളൂ.