കല്‍പ്പറ്റ : മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധസംഘം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാത്രി പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സായുധ സംഘമെത്തിയത്.
സംഘത്തില്‍ രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. ശേഷം ലഘുലേഖകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും സംഘം വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ എഴുതപ്പെട്ടിട്ടുള്ളത്.