റാന്നി : ഹരിതഭൂമി ശുചിത്വഭൂമി, ശ്രേഷ്‌ഠ ജീവൻ എൻ്റെ ജന്മാവകാശം
എന്ന മുദ്രാവാക്യം ഉയർത്തി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഹരിതം അരണ്യകം എന്ന മാലിന്യനിർമ്മാർജ്ജന പദ്ധതിക്ക് തുടക്കം കുറിച്ചു. കനകപ്പലം എം.ടി.എൽ.പി. സ്‌കൂളിൽ നടന്ന ആലോചനയോഗത്തില്‍ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡൻ്റ് റെജി കോപ്പാറ അദ്ധ്യക്ഷത വഹിച്ചു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോൺ സാമുവേൽ ഹരിതം അരണ്യകം പ്രൊജക്‌ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശബരിമല തീർത്ഥാടക പാതകൾ ഹരിതാഭവും പ്രകൃതി സുന്ദരവും ആക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലം നിരുത്സാഹപ്പെടുത്തുക, ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുക, വനവും വായുവും ജലവും കാത്തുസൂക്ഷിക്കുക, പാതയോരത്ത് സ്നേഹാരാമം വിശ്രമ കേന്ദ്രങ്ങളും സ്നാക്‌സ് സെൻ്ററുകളും സ്ഥാപിക്കുക, ഗ്രാമീണ ടൂറിസം പദ്ധതികൾ, ബോധ വൽക്കരണ പ്രവർത്തനങ്ങൾ ഗ്രീൻ & ക്ലീൻ കാമ്പസുകൾ, ജലസാക്ഷരത, ഉദ്യാനവൽക്കരണം എന്നിവയാണ് ഹരിതം അരണ്യകം പദ്ധതിയുടെ ലക്ഷ്യം.
കോട്ടയം ജില്ലയിൽ എരുമേലി, മണിമല പഞ്ചായത്തുകളിലെ കനകപ്പലം-മുക്കട, പ്ലാച്ചേരി-പൊന്തൻപുഴ പാതയോരങ്ങളും പത്തനംതിട്ട ജില്ലയിൽ വെച്ചൂച്ചിറ പഞ്ചായത്തിലെ വെച്ചൂച്ചിറ – കനകപ്പലം, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളിലെ ചെത്തോങ്കര- അത്തിക്കയം പാതയോരങ്ങളും പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി മാലിന്യ മുക്തമാക്കാനും സൗന്ദര്യവൽക്കരണം നടത്തുന്നതിനുമാണ് തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.കെ. ജയിംസ്, ജെയിംസ് പി. സൈമൺ, അനിതാ അനിൽകുമാർ, സോണിയാ മനോജ്, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ചെയർമാൻ ടി.കെ. സാജു, റവ. സോജി വർഗീസ് ജോൺ, ഡോ. ഡി. പ്രദീപ്, ഐസക്ക് വർഗ്ഗീസ്, ജോൺ വി. തോമസ്, റോബിൻ ജി. അലക്സ്, ജിതീഷ്, ഷിജുകുമാർ എന്നിവർ പ്രസംഗിച്ചു.
ഉദ്യോഗസ്ഥ പൊതുജന കൂട്ടായ‌്മയില്‍ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ നേതാക്കൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മണിമല, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാ ഭ്യാസസ്ഥാപനങ്ങളുടെ മാനേജർമാർ, പ്രഥമധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സർവ്വേ, ബോധവൽക്കരണ ക്ലാസ്സുകൾ, വോളന്റിയേഴ്സ് ട്രെയിനിംഗ്, ശുചീകരണം, ബോർഡ് സ്ഥാപിക്കൽ, സൗന്ദര്യവൽക്കരണമം, വിളമ്പര റാലി, പൊതുയോഗങ്ങൾ, ക്യാമറകൾ സ്ഥാപിക്കൽ, മാലിന്യ സംസ്‌കരണം എന്നിവ നടത്തുന്നതിനും തീരുമാനിച്ചു.