എറണാകുളം : കൊച്ചി മരട് വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ഉത്സവകമ്മിറ്റി. തൃപ്പൂണിത്തുറ സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലാണ് വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ആചാരം മുടങ്ങാതിരിക്കാൻ നിയന്ത്രിത തോതിലെങ്കിലും വെടിക്കെട്ടിന് അനുമതി നൽകണമെന്നാണ് മരട് കൊട്ടാരം ഭഗവതി ക്ഷേത്രോത്സവ കമ്മിറ്റി ഉയർത്തുന്ന പ്രധാന ആവശ്യം.
ജനവാസ മേഖലയിൽ വെടിക്കെട്ട് നടത്തിയാൽ അപകടത്തിന് സാധ്യതയുണ്ടന്ന പോലീസ്,റവന്യൂ, അഗ്നി രക്ഷാസേന വിഭാഗങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചതും 2008ലെ മരട് വെടിക്കെട്ട് ദുരന്തത്തിൽ മൂന്നുപേർ മരിച്ചതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന വെടിക്കെട്ടിന് ഇത്തവണയും അനുമതി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.