തിരുവനനന്തപുരം: തിരുവനനന്തപുരം മാറനല്ലൂരില്‍ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സജികുമാറിനെ ഇന്നലെയാണ് മധുരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സഹകരണ ബാങ്കിലെ സാമ്പത്തിക തര്‍ക്കങ്ങളാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
സിപിഐ നേതാവ് ഭാസുരാംഗനെതിരെയും കുറിപ്പില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗന്‍ ചതിച്ചെന്ന് ആത്മഹത്യ കുറിപ്പില്‍ സജി പറയുന്നു. സിപിഐ പ്രാദേശിക പ്രശ്‌നങ്ങളും സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കിയുളള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സുധീര്‍ഖാനെതിരെയും ഡയറിയില്‍ പരാമര്‍ശമുണ്ട്. വെളളൂര്‍ക്കോണം സഹകരണസംഘത്തില്‍ സുധീര്‍ഖാന്‍ സാമ്പത്തിക തിരിമറി നടത്തി. സുധീര്‍ഖാന്‍ വരുത്തിയ സാമ്പത്തിക ബാധ്യതയുടെ കണക്കും ഡയറിക്കുറിപ്പിലുണ്ട്. ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീര്‍ഖാന്റെ മുഖത്തേക്ക് സജികുമാര്‍ ആസിഡൊഴിച്ചത്.