സീതത്തോട് : മുണ്ടൻപാറ ട്രൈബൽ യുപി സ്കൂളിന്റെ കെട്ടിടം പൊളിച്ചു നീക്കാനുള്ള ലേല നടപടികളിൽ ഒത്തുകളിയും ക്രമക്കേടും നടത്തി ലേലം ഉറപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതത്തോട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധര്‍ണയും നടത്തി. ലേല നടപടികൾ മതിപ്പ് വില കണക്കാക്കുന്നതു മുതൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. നാളെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ലേലം അംഗീകരിക്കുവാൻ പാടില്ലെന്ന് കോൺഗ്രസ് ആവശ്യട്ടൂ. റിട്ടയർ ചെയ്തിട്ടും അഴിമതിക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയറെ താൽക്കാലിക അടിസ്ഥാനത്തിൽ തുടർന്ന് ജോലിചെയ്യാൻ നിയമിച്ചത് വഴി ക്രമക്കേടുകളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് നിലപാടാണ് പഞ്ചായത്ത് ഭരണനേതൃത്വം വെളിവാക്കുന്നത്. നടപടികൾ റദ്ദാക്കിയില്ലെങ്കിൽ ബഹുജനപ്രക്ഷോഭമായി സമരം മാറും. പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയപ്പോൾ ഓഫീസിന്റെ കവാടം വാഹനങ്ങൾ കുറുകെയിട്ട് അടച്ച നിലയിൽ ആയിരുന്നത് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റത്തിന് വഴിയായി.
പ്രതിഷേധ ധർണ ബ്ലോക്ക് വൈസ് പ്രസിഡന്റ് വസന്ത് ചിറ്റാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് പുരയിടം, കോൺഗ്രസ്ജില്ലാ ജനറൽ സെക്രട്ടറി സൂസൻ മേബിൾ സലീം, പഞ്ചായത്തംഗം ശ്യാമള ഉദയഭാനു എന്നിവര്‍ സംസാരിച്ചു. പ്രസാദ് വടക്കേ പറമ്പിൽ, ടി കെ സലിം, ഷെജിൻ ജോസഫ്, മാത്യു ഇളപ്പാനിക്കൽ, സജു, രാമനാഥ പിള്ള, ബാലൻ, കെ സി രാജു, ബിജു തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.