ആറന്മുള : സി.എ.ജി റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെയും പോലിസ് മേധാവിക്കെതിരെയും അക്കമിട്ടു നിരത്തിയിട്ടുള്ള 151 കോടി രൂപയുടെ അഴിമതികളെപ്പറ്റിയും അതില്‍ മുഖ്യമന്ത്രിയുടെ പങ്കിനേപ്പറ്റിയും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 10 പോലീസ് സ്റ്റേഷനുകളിലേക്ക് 7-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ജനകീയ മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് വാര്‍ത്താ സമ്മേളനം നടത്തി സി.എ.ജി കേരളാ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പോലീസ് കള്ളന്‍മാരാകുന്ന സ്ഥിതിയാണ കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തോക്കും തിരകളും കാണാതായതില്‍ ദുരൂഹതയുണ്ട്. പോലീസ് സേനയെപ്പറ്റി ഗുരുതരമായ ആക്ഷേപങ്ങളാണ് ഓരോദിവസവും ഉയര്‍ന്നുവരുന്നത്. മാര്‍ച്ചില്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. തിരുവല്ലയില്‍ മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ കുര്യനും, പത്തനംതിട്ടയില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും, ആറന്മുളയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍നായരും, തണ്ണിത്തോട്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാറും, അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധുവും, മല്ലപ്പള്ളിയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജും, റാന്നിയില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരനും, എഴുമറ്റൂര്‍ ബ്ലോക്കിലെ പെരുംപെട്ടിയില്‍ എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവിയും, കോന്നിയില്‍ കെ.പി.സി.സി നിര്‍വ്വാഹ സമിതിയംഗം മാത്യു കുളത്തിങ്കലും, പന്തളത്ത് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാറും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.