തിരുവനന്തപുരം : മൂന്നു കോടി രൂപയുടെ മാര്‍ജിന്‍ ഫ്രീ ഹോം ക്ലബ്ബ് സൊസൈറ്റി തട്ടിപ്പ് കേസില്‍ വിചാരണക്ക് ഹാജരാകാത്ത മൂന്നു സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 17 നകം സാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മജിസ്‌ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
മാര്‍ജിന്‍ ഫ്രീ ഹോം ക്ലബ്ബ് പ്രസിഡന്റ് എം.ജി.എസ്. മിത്രന്‍, ക്ലബ്ബ് ഭാരവാഹികളും ജീവനക്കാരുമായ റോബിന്‍ ഷാജി സുനില്‍ , ജയകുമാര്‍ , വാസുദേവന്‍ നായര്‍ , സുരേന്ദ്രന്‍ , സതീശന്‍ , സുശീല , സുരേഷ് , മണികണ്ഠന്‍ നായര്‍ , ബി.ഡി.മാത്യു എന്ന ഭാസുരദാസ് , തമ്പി എന്ന നാരായണന്‍ തമ്പി എന്നിവരാണ് മാര്‍ജിന്‍ ഫ്രീ തട്ടിപ്പ് കേസിലെ ഒന്നു മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികള്‍. രണ്ടും ആറും പ്രതികളായ റോബിന്‍ ഷാജി സുനിലും സതീശനും വിചാരണക്കിടെ മരണപ്പെട്ടു.
2006 ആഗസ്റ്റിലാണ് തട്ടിപ്പ് സ്ഥാപനം തമ്പാനൂര്‍ തൈക്കാടിന് സമീപം രൂപീകരിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ പകുതി വിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് എഴുപതിനായിരം പേര്‍ക്ക് 500 രൂപ മുതല്‍ 3,000 രൂപയുടെ കാര്‍ഡുകള്‍ നല്‍കി അംഗത്വം നല്‍കുകയും തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 120 ഫ്രാഞ്ചൈസികള്‍ തുടങ്ങാനായി ഫ്രാഞ്ചൈസികളില്‍ നിന്നും 1,10,000 രൂപ വീതവും ചതിക്കണമെന്ന ഉദ്ദേശത്തോടെ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. സബ്‌സിഡിയിനത്തില്‍ തുക വാഗ്ദാനം ചെയ്ത് തുകകള്‍ കൈപ്പറ്റിയ ശേഷം വണ്ടിച്ചെക്ക് നല്‍കിയും കബളിപ്പിച്ചു.
ഫ്രാഞ്ചൈസികളില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ക്ലബ്ബ് റെയ്ഡ് ചെയ്യുകയും കട അടപ്പിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ച ഇവര്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കി. തുറക്കരുതെന്ന കളക്ടറുടെ നിര്‍ദ്ദേശം നിലനില്‍ക്കെ വീണ്ടും തട്ടിപ്പു തുടങ്ങിയ ഇവര്‍ക്കെതിരെ ഫ്രാഞ്ചൈസികള്‍ വീണ്ടും പരാതിയുമായെത്തി. തുടര്‍ന്നാണ് തമ്പാനൂര്‍ പോലീസ് കേസെടുത്ത് 7 പേരെ 2007 ജനുവരി 10 ന് അറസ്റ്റ് ചെയ്തു. ഇതിനിടെ ഒന്നാം പ്രതി ക്ലബ്ബ് പ്രസിഡന്റ് മിത്രന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. 2008 ലാണ് തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.