പീരുമേട്: മൂന്ന് ദിവസമായി കുട്ടിക്കാനം മരിയൻ കോളേജിൽ കേന്ദ്ര – കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വന്ന ഫെസ്റ്റിനാണ് സമാപനമായത്. വിവിധ ഡിപ്പാർട്ടുമെന്റുകൾ സംഘടിപ്പിച്ച എക്സിബിഷനുകളും ഓൺലൈൻ ഓഫ്‌ലൈൻ മത്സരങ്ങളും ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ ഫെസ്റ്റ് സ്പെക്ട്രയോടനുബന്ധിച്ച് പതിനേഴ് സുസ്ഥിരവികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹൊറൈസൺ തീം ഷോയും എസ്. ഡി. ജി. ക്വിസ്റ്റ് ഓൺലൈൻ മത്സരവും സഹ്യയുടെ ഭാഗമായി സംഘടിപ്പിച്ചു.
ബി.സി എ. ഡിപ്പാർട്ടുമെന്റിന്റെ ‘ധ്വനി മ്യൂസിക് ബാന്റ്’ മത്സരവും ജനശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ വിവിധ കോളേജുകളിലുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫിസിക്സ് ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ച വർക്ക് ഷോപ്പ് ഫോർ ടെലിസ്കോപ്പ്, എസ്ക്കേപ്പ് റൂം ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘മെയ്സ് ഡാർക്നെസ് റൂം ‘എന്നിവ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അത്ഭുതം ഉളവാക്കി. കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച കോം ഫെസ്റ്റും കോളേജിനെ പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസാക്കുന്നതിന്റെ ഭാഗമായി എൻ.എസ്. എസ്സ് വോളണ്ടിയർമാർ കോളേജിന്റെ പ്രവേശന കവാടത്തിൽ സംഘടിപ്പിച്ച മാതൃകായജ്ഞവും ശ്രദ്ധേയമായി.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സംഘടിപ്പിച്ച കാർഷിക ഫെസ്റ്റും കാർഷിക ക്ലിനിക്കും ഫെസ്റ്റിൽ ശ്രദ്ധേയമായി. ഭാരത സർക്കാർ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്യോത്സവം കമ്മ്യൂണിറ്റി ഫെസ്റ്റിന് ചാരുത പകർന്നു. തമിഴ്നാട്ടിലെ മരക്കാൽ ഒയിലാട്ടം, കരകാട്ടം, മാടാട്ടം, തപ്പാട്ടം, മഹാരാഷ്ട്രയിലെ ലാവണി, കോലി ഡാൻസ്, ഗൊണ്ടാൽ, കേരളത്തിലെ തിരുവാതിരകളി, ഒപ്പന, ഉത്തർപ്രദേശിലെ കഥക് എന്നിവയാണ് മരിയൻ കമ്മ്യൂണിറ്റി ഫെസ്റ്റിൽ അരങ്ങേറിയത്.
അമ്പത്തിമൂന്നോളം കലാകാരന്മാരാണ് നാട്യോത്സവത്തിൽ പങ്കെടുത്തത്. ഡോ.ശങ്കർ തമിഴ് നാടിന്റെയും റോഷിണി പട്ടേൽ മഹാരാഷ്ട്രയുടെയും ശിഹാബുദ്ദീൻ കേരളത്തിലെയും കലാസംഘങ്ങളുടെ പ്രോഗ്രാം ഓഫീസർമാരായിരുന്നു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അജിമോൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ഷൈജു കെ. എസ്, ജോസ്മിൻ ജോസഫ് (ജൂബീറിച്ച് ), വിശിഷ്ടാതിഥിതി ജാസി ഗിഫ്റ്റ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ജാസി ഗിഫ്റ്റിന്റെ ഗാനവിരുന്നും മരിയൻ ബാന്റിന്റെ ഗാനസന്ധ്യയുമായാണ് ഫെസ്റ്റിന് സമാപനമായത്.