എറണാകുളം : മത്സ്യ ബന്ധനത്തിനിടെ അപകടങ്ങള്‍ ഉണ്ടായാല്‍ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അത്യാധുനിക മറൈന്‍ ആംബുലന്‍സ് . ഇവയുടെ പ്രവര്‍ത്തന ഉത്‌ഘാടനം നാളെ രാവിലെ (ജനുവരി 28) ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും . ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിക്കും.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാവിലെ 9.30 ന് ആയിരിക്കും ചടങ്ങുകള്‍ നടക്കുന്നത്. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയുടെ ഉല്‍ഘാടനമാണ് നാളെ നടക്കുന്നത്. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അതിവേഗം കരയിലെത്തിക്കാന്‍ ഈ ആംബുലന്‍സുകള്‍ സഹായിക്കും.
23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള ഈ ആംബുലന്‍സുകളില്‍ 10 പേരെ വരെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സാധിക്കും. 700 എച് പി വീതമുള്ള 2 സ്‌കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും. പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, 24 മണിക്കൂര്‍ പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോര്‍ച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്ലാന്ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ആണ് സാങ്കേതിക ജീവനക്കാരുടെ സേവനം നല്‍കുന്നത്
.
2018 മെയ് 31 നാണ് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മ്മാണത്തിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂര്‍ണമായ നിര്‍മ്മാണ ചെലവ് ബി. പി. സി. എലും ഒരു ബോട്ടിന്റെ പകുതി നിര്‍മ്മാണ ചെലവ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിര്‍മാണത്തിന് സാങ്കേതിക ഉപദേശം നല്‍കിയത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി. ഐ. എഫ്. ടി ആണ്.
ചടങ്ങില്‍ ഹൈബി ഈഡന്‍ എം. പി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ . എം അനില്‍ കുമാര്‍ , എംഎല്‍. എമാരായ എസ് ശര്‍മ, വി കെ സി മമ്മദ് കോയ, കെ. ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുക്കും.