ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപ വീതവും പരുക്കേറ്റ ബോട്ടുടമക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നമായതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷയില്‍ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്.
കേരളത്തിനുവേണ്ടി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കുടുംബാംഗങ്ങള്‍ക്ക് 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പത്തുകോടി നല്‍കുന്നത്.