മുംബൈ : കശ്മീരിലെ ഭീകരണ ആക്രമണത്തെ തുടര്‍ന്ന് ജാഗ്രത പാലിച്ച് നിക്ഷേപകര്‍. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവ് പ്രകടമായി. സെന്‍സെക്‌സിന് 80,000 നിലവാരം നഷ്ടമായി. 858 പോയന്റ് ഇടിഞ്ഞ് 78,960ലെത്തി. നിഫ്റ്റിയാകട്ടെ 277 പോയന്റ് നഷ്ടത്തില്‍ 23,969ലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 8.5 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടം. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 421.13 ലക്ഷം കോടി രൂപയായി. കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് വിപണിയെ പിടികൂടിയത്. ഐടി, ഓട്ടോ എന്നിവ ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, ഹെല്‍ത്ത് കെയര്‍, ഫാര്‍മ, എഫ്എംസിജി എന്നിവ ഒരു ശതമാനംവരെ ഇടിവ് നേരിട്ടു.
ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയതോടെ വാള്‍സ്ട്രീറ്റ് മികച്ച നേട്ടമുണ്ടാക്കി. ചൈനയോടുള്ള വൈറ്റ് ഹൗസിന്റെ നിലപാടിലെ പ്രകടമായ മാറ്റം ഏഷ്യന്‍ വിപണികളും നേട്ടമാക്കി. ഡോളര്‍ സൂചികയിലും മുന്നേറ്റമുണ്ടായി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ അറ്റവാങ്ങലുകാരായി. ഈ കാലയളവില്‍ 8,251 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഒപെക് ഉത്പാദനം കൂട്ടാനുള്ള സാധ്യതയും റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തലും അസംസ്‌കൃത എണ്ണവിലയെ ബാധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.60 ഡോളറിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമായി. ഡോളറിനെതിരെ മൂല്യം 85.15 നിലവാരത്തിലെത്തുകയും ചെയ്തു.