തൃശ്ശൂർ : കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും കൊണ്ടുവന്നു. പ്രതിയെ രക്ഷപെടാൻ സഹായിച്ചവരെ നേരത്തെ പിടികൂടിയിരുന്നു.
യുവതിയുടെ പരാതിയ്ക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂരിലേക്ക് രക്ഷപെടുന്നതിന് മുമ്പ് മാർട്ടിൻ ഒളിവിൽ താമസിച്ച കാക്കനാട്ടെ ഫ്ലാറ്റിൽ ഉള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മാർട്ടിൻ താമസിച്ച ഫ്ലാറ്റിന് തൊട്ടു സമീപത്തെ ഫ്ലാറ്റിൽ ഉള്ളവരുടെയും കെയർ ടേക്കർ, സെക്യൂരിറ്റി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മാർട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഫ്ലാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്.
അത്യാഡംബര ജീവിതം നയിച്ചിരുന്ന മാർട്ടിന് ഇതിനായുള്ള പണം എവിടെനിന്ന് കിട്ടിയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാൻ ഇയാൾക്ക് അക്കൗണ്ടുകളുള്ള ബാങ്കുകൾക്ക് പോലീസ് നോട്ടീസ് നൽകി. യുവതിയെ മാർട്ടിൻ ക്രൂരമായി പീഡിപ്പിച്ചത് കഞ്ചാവ് ഉപയോഗിച്ച ശേഷമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം കൂടി മുൻനിർത്തിയാണ് തെളിവ് ശേഖരണം.