ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. ടാറ്റ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ ഇലക്ട്രിക് വിപണിയിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ചുവടുവെപ്പ് ഒരു ഇലക്ട്രിക് എസ്‌യുവിയുമായിട്ടാണ്. മാരുതി സുസുക്കി eVX (Maruti Suzuki eVX) ഇലക്ട്രിക് എസ്‌യുവി വൈകാതെ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഈ വാഹനം രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാരുതിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് വാഹനം നേരത്തെ പോളണ്ടിൽ പരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ പ്രൊഡക്ഷൻ സ്പെക് eVX ഇവിയുടെ ആഗോള ലോഞ്ച് വൈകാതെ നടക്കുമെന്ന സൂചനകൾ നൽകുന്നു. ഗുരുഗ്രാമിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയ മോഡൽ പോളണ്ടിൽ കണ്ടെത്തിയത് പോലെ മൊത്തമായി മറച്ചിരുന്നുവെങ്കിലും സിൽവർ അലോയ് വീലുകൾ പോലെയുള്ള ചില ഡിസൈൻ ഘടകങ്ങൾ ഇതിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാരുതി സുസുക്കി eVX ഇവി എസ്‌യുവി-കൂപ്പേ പോലെയുള്ള വിശാലമായ ഹാഞ്ചുകളുള്ള ബോഡിയുമായിട്ടാണ് വരുന്നത്. ഒരു സ്ക്വാറ്റ് സ്റ്റാൻസും വാഹനത്തിലുണ്ട്. അടുത്തിടെ സമാപിച്ച ജപ്പാൻ മൊബിലിറ്റി ഷോയിൽ വെച്ച് മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്‌റ്റിന്റെ ഇന്റീരിയർ പ്രദർശിപ്പിച്ചിരുന്നു. നേരത്തെ പുറത്ത് വന്ന ലീക്ക് ഇമേജുകളും ഇന്റീരിയറിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്നു. വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമടങ്ങുന്ന ഡ്യൂവൽ സ്‌ക്രീൻ സെറ്റപ്പുമായിട്ടാണ് ഈ വാഹനം വരുന്നത്. ഇതിനൊപ്പം വെർട്ടിക്കൽ എസി വെന്റുകളും പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് നൽകിയിട്ടുണ്ട്. മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ പോകുന്നത് ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV400 എന്നിവയുടെ ഹൈ എൻഡ് വേരിയന്റുകളോടായിരിക്കും. മാരുതി സുസുക്കി ഇന്ത്യയിൽ വിജയം നേടാനായി ഇതുവരെ പ്രയോഗിച്ചിട്ടുള്ള തന്ത്രം കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ്. മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങുമ്പോഴും മികച്ച സവിശേഷതകളിൽ മത്സരാധിഷ്ഠിതമായ വില പ്രതീക്ഷിക്കുന്നു.
.