മാരുതി സുസുക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയുള്ള വാഹനമായ മാരുതി സുസുക്കി ഇൻവിക്റ്റോ (Maruti Suzuki Invicto) കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്റിന്റെ ഈ എംപിവിക്ക് ആവശ്യക്കാർ ഏറെയാണ്. മാരുതി സുസുക്കി ഇൻവിക്റ്റോ പ്രീ ബുക്ക് ചെയ്തത് 6,200 ആളുകളാണ്. അതിശയിപ്പിക്കുന്ന മൈലേജുമായി വരുന്ന ഈ വാഹനം ടൊയോട്ട ഇന്നോവ ഹൈക്രോസിനെക്കാൾ കുറഞ്ഞ വിലയിലാണ് ലഭ്യമാകുന്നത്. ഹൈക്രോസിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് മാരുതി സുസുക്കി ഇൻവിക്റ്റോ വരുന്നത്. മാരുതി സുസുക്കി ഇൻവിക്റ്റോ നെക്‌സ ബ്ലൂ, മജസ്റ്റിക് സിൽവർ, സ്റ്റെല്ലാർ ബ്രൗൺ, മിസ്റ്റിക് വൈറ്റ് എന്നീ 4 കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഈ വാഹനം മൂന്ന് വേരിയന്റുകളിൽ ലഭിക്കും. ഇൻവിക്ടോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 24.79 ലക്ഷം രൂപയ്ക്കാണ്. ഹൈഎൻഡ് വേരിയന്റിന് 28.42 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ എംപിവിയുടെ ബുക്കിങ് പുരോഗമിക്കുകയാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ നെക്സ ഡീലർഷിപ്പുകൾ വഴിയോ വാഹനം ബുക്ക് ചെയ്യാം. 25,000 രൂപയാണ് ബുക്കിങ് തുക.
ടൊയോട്ട ഇന്നോവ ഹൈക്രോസിൽ നിന്നും വ്യത്യസ്തമായി മാരുതി സുസുക്കി ഇൻവിക്റ്റോ പവർഫുൾ ഹൈബ്രിഡ് ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ മാരുതി എംപിവിയിൽ 2.0 ലിറ്റർ, 4 സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാണുള്ളത്. 184 ബിഎച്ച്പി പവറും 188 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനൊപ്പം എൻഐഎംഎച്ച് ബാറ്ററി പാക്കോടുകൂടിയ ഇലക്ട്രിക് മോട്ടോറും നൽകിയിട്ടുണ്ട്. ഹൈക്രോസ് മൈൽഡ് ഹൈബ്രിഡ് പതിപ്പിലും ലഭ്യമാണ്. മാരുതി സുസുക്കി ഇൻവിക്റ്റോയിൽ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനില്ല എന്നതാണ് മറ്റൊരു ശ്രദ്ധയമായ കാര്യം. ഈ വാഹനം ഒരു ഇ-സിവിടി ട്രാൻസ്മിഷനുമായിട്ടാണ് വരുന്നത്. മാരുതി സുസുക്കി ഇൻവിക്റ്റോ ഒരു ലിറ്റർ പെട്രോളിൽ 23.24 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻവിക്റ്റോയ്ക്ക് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഏകദേശം 9.5 സെക്കൻഡ് സമയം മാത്രം മതി. കരുത്തിന്റെ കാര്യത്തിലും മൈലേജിലും മികവ് പുലർത്തുന്ന വാഹനമാണ് ഇത്.
മാരുതി സുസുക്കി ഇൻവിക്റ്റോയിൽ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. വലിയ പനോരമിക് സൺറൂഫുമായിട്ടാണ് ഈ വാഹനം വരുന്നത്. ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളും ഇൻവിക്റ്റോയിൽ ഉണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ ഫീച്ചറുകളും ഇൻവിക്റ്റോയിൽ ഉണ്ട്. മാരുതി സുസുക്കി ഇൻവിക്റ്റോ എംപിവിക്ക് 6,200 പ്രീ-ബുക്കിങ് ആണ് നേടിയത് എന്നത് ഈ വാഹനം എത്രത്തോളം ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട് എന്ന് വ്യക്താകുന്നു. കുടുംബ ആവശ്യത്തിന് ഉപയോഗിക്കാൻ മികച്ച മൈലേജുള്ള എംപിവി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വാഹനം തന്നെയാണ് മാരുതി സുസുക്കി ഇൻവിക്റ്റോ. എങ്കിലും ടൊയോട്ട ഇന്നോവ ഹൈക്രോസിലുള്ള ADAS ഉൾപ്പെടുന്ന ഫീച്ചറുകൾ ഇൻവിക്റ്റോയിൽ ഇല്ല.