തിരുവനന്തപുരം: ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ബിസിനസ് നടത്താനോ കരാറില്‍ ഏര്‍പ്പെടാനോ പാടില്ലെന്ന് നിയമമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ മാത്യുകുഴല്‍ നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയില്‍ കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂര്‍ണമായും തള്ളി. രണ്ട് കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടാണെന്നും പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് മാത്യു കുഴല്‍ നാടന്‍ ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണമെന്ന് പിണറായി പറഞ്ഞു.