തിരുവനന്തപുരം: ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിലായിരുന്നു മിന്നൽ പരിശോധന. ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലായിരുന്ന പരിശോധന.
കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് നിയമം.
എന്നാല്‍ പല പരിശോധനയിലും ഈ നിയമങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും. രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തേകേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം.