കൊച്ചി: വൈദികനെതിരെ വാട്‌സ് ആപ്പില്‍ കൊലവിളി. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട തര്‍ക്കം നടക്കുന്നതിനിടെയാണ് അതിരൂപതക്കു കീഴിലുള്ള വൈദികനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത്. ജനാഭിമുഖ കുര്‍ബാനയെ പിന്തുണക്കുന്ന വൈദികരില്‍പെട്ട ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് പള്ളിയിലെ സഹവികാരി ഫാ. ബിനോയ് പണാട്ടിനെതിരെ സിനഡ് കുര്‍ബാന അനുകൂലിയായ പി.കെ. കുര്യാക്കോസ് കൊലവിളി നടത്തിയതായാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് അദ്ദേഹം എടത്തല പോലീസില്‍ പരാതി നല്‍കി. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിപ്പിച്ച് ഇയാളെ നോട്ടമിടണമെന്നും ആക്രമിക്കണമെന്നും പി.കെ. കുര്യാക്കോസ് ആഹ്വാനം ചെയ്തതായി വൈദികന്റെ പരാതിയില്‍ പറയുന്നു. കുര്‍ബാനയുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിന്റെ വിധി തങ്ങള്‍ക്ക് അനുകൂലമായി വരുമെന്നും വന്നാലുടന്‍ കേസില്‍ കക്ഷിയായ തന്നെ പോലുള്ള വൈദികരെ തെരുവിലിട്ട് കൈകാര്യം ചെയ്യണമെന്നും ഇയാള്‍ പറയുന്നതായി പരാതിയിലുണ്ട്.