ഓസ്‌ട്രേലിയ: ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കൊറല്ല ഇനത്തിൽപ്പെട്ട പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരേസമയം ഡസൻ കണക്കിന് പക്ഷികൾ മരങ്ങളിൽ നിന്നും താഴേക്ക് കുഴഞ്ഞ് വീഴുകുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും ചത്ത നിലയിലും ശേഷിക്കുന്നവർ ഗുരുതരാവസ്ഥയിലുമായിരുന്നു. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും കർഷകർക്ക് ഭീഷണിയാകാറുള്ള കൊക്കറ്റൂ ഇനത്തിൽപ്പെട്ട പക്ഷികളാണ് കൊറെല്ലകൾ. പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറയുന്നത് പ്രകാരം താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികളുടെ ദുരുപയോഗമാകാം ഇതിന് കാരണം എന്നാണ് കരുതുന്നത്.