കടുങ്ങല്ലൂർ: എടയാർ വ്യവസായ മേഖല കേന്ദ്രീകരിച്ച് വെളിച്ചെണ്ണയിൽ ചേർക്കുന്ന മാരക വിഷദ്രാവകത്തിന്റെ വൻതോതിലുള്ള ഉത്പാദനം. “വാന്റോയിൽ” എന്ന അപരനാമത്തിൽ അറിയപെടുന്ന വ്യാജ ഓയിൽ നിർമ്മിക്കുന്നത് ഉപയോഗശൂന്യമായ കരിഓയിലിൽ നിന്ന്. ഇത്തരം ഓയിൽ കലർന്ന വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന ആഹാരം ശരീരത്തിനുള്ളിൽ ചെന്നാൽ ക്യാൻസർ, ഉദര സംബന്ധമായ മാരക അസുഖങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നു. വ്യവസായശാലകൾ, ട്രാൻസ്ഫോർമറുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിച്ചശേഷം മാലിന്യമായി പുറംതള്ളുന്ന ഉപയോഗ ശൂന്യമായ കരിഓയിലുകളിൽ നിന്നാണ് വാൻ്റോയിൽ ഉത്പാദിപ്പിക്കുന്നത്. ലിറ്ററിന് 12 രൂപ നിരക്കിൽ വാങ്ങുന്ന ഉപയോഗശൂന്യമായ കരിഓയിൽ എടയാർ വ്യവസായ മേഖലയിൽ എത്തിച്ച് രഹസ്യമായി ആസിഡ് ഉപയോഗിച്ച് സംസ്കരിക്കുകയാണ്. ഇങ്ങനെ സംസ്‌കരിച്ചു കിട്ടുന്ന ദ്രാവകം യഥാർത്ഥ വെളിച്ചെണ്ണയോട് സാമ്യമുള്ളതാണ്.
ഈ വ്യാജൻ ലിറ്ററിന് 60 രൂപ മുതൽ 90 രൂപ വരെ വിലയിലാണ് വെളിച്ചെണ്ണക്കമ്പനികൾക്ക് എടയാറിലുള്ള കമ്പനി വിൽക്കുന്നത്. 10 ലിറ്റർ വാന്റോയിൽ ഉപയോഗിച്ച് 100 ലിറ്റർ വെളിച്ചെണ്ണവരെ ഉണ്ടാക്കാം. എടയാറിൽ ഉത്പാദിപ്പിക്കുന്ന ഈ ഓയിൽ വേലംതാവളം വഴി ചെന്നൈയ്ക്കാണ് കയറ്റി വിടുന്നത്. പിന്നീട് ഈ വെളിച്ചെണ്ണ വിവിധ പേരുകളിലുള പാക്കറ്റുകളിലാക്കി കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. യഥാർത്ഥ വെളിച്ചെണ്ണ വിപണിയിൽ 200 മുതൽ 730 വരെ വില ഈടാക്കുമ്പോൾ കരി ഓയിൽ കലർന്ന വ്യാജ വെളിച്ചെണ്ണ വിപണിയിൽ 140 മുതൽ 160 രൂപ വരെ വിലയ്ക്കു ലഭിക്കുന്നു. വിലക്കുറവു കണ്ട് ഇത്തരം വെളിച്ചെണ്ണകളാണ് പലരും വാങ്ങുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവരുടെ ഒത്താശയോടെ വർഷങ്ങളായി എടയാറിൽ കരിഓയിൽ ആസിഡ് ഉപയോഗിച്ച് സംസ്‌കരിച്ചു വരുന്നു. ആസിഡ് ഉപയോഗിച്ചുള്ള കരി ഓയിൽ സംസ്‌കരണം സർക്കാർ നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നിയമത്തെ നോക്കുകുത്തിയാക്കിയാണ് എടയാർ മേഖലയിൽ ഉത്പാദനം നടക്കുന്നത്. യഥാർത്ഥ വെളിച്ചെണ്ണയോട് സാമ്യം തോന്നുന്ന ഈ ദ്രാവകമാണ് വിപണിയിലുള്ള മിക്കവാറും വെളിച്ചെണ്ണകളിൽ ചേർത്തിരിക്കുന്നത്. മാരക രോഗങ്ങൾക്കു കാരണമാകുന്ന വാന്റോയിലിന്റെ ഉത്പാദനത്തിനെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യം.