കല്‍പ്പറ്റ : വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.
സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിക്കാന്‍ എല്ലാതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉടന്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ലാ കലക്ടര്‍ എത്താത്തിലും നാട്ടുകാര്‍ പ്രതിഷേധിച്ചു.