പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വനപാലകർ. മത്തായിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകൾ എവിടെയാണെന്ന് വനപാലകർ പറയുന്നില്ല. ചോദ്യങ്ങൾക്ക് മറുപടിയുമില്ല. ജിഡിയിലും മഹസറിലും കൃത്രിമവും പൊരുത്തക്കേടുകളും കണ്ടതിനെപ്പറ്റി ചോദിച്ചപ്പോഴും കൃത്യമായ ഉത്തരമില്ല. ശാസ്ത്രീയ പരിശോധന കൂടി വേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് വനപാലകർ ഉൾപ്പെടെ 55 പേരെ പോലീസ് ചോദ്യം ചെയ്തു. നിയമങ്ങൾ പാലിക്കാതെയാണ് മത്തായിയെ വീട്ടിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയതെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായി. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയതുൾപ്പെടെ വനപാലകർ കൈക്കൊണ്ട എല്ലാ നടപടികളും നിയമവിരുദ്ധമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരാളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിച്ചിട്ടില്ല.
മഹസറിലും ജനറൽ ഡയറിയിലും വ്യാപക പൊരുത്തക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപായി പോലീസ് ചില കാര്യങ്ങളിൽ നിയമോപദേശം തേടും. വനപാലകർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനുള്ള തെളിവുകൾ പോലീസ് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. വനത്തിൽ നിന്ന് മത്തായി ക്യാമറ മോഷ്ടിച്ചതായി വനപാലകർ പറയുന്ന സംഭവത്തിൽ കേസ് എടുത്തിരുന്നില്ല,
മത്തായിയുടെ ദേഹപരിശോധനയും നടത്തിയിരുന്നില്ല, മഹസർ റിപ്പോർട്ട്, ജനറൽ ഡയറി എന്നിവ എഴുതിയില്ല, തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷപെടുത്താൻ ശ്രമിച്ചില്ല, തുടങ്ങി ഗുരുതര ആരോപണങ്ങൾ വനപാലകർക്കെതിരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിറ്റാർ സ്റ്റേഷനിലെ ജനറൽ ഡയറി ഗുരുനാഥൻമണ്ണിലെ സെക്ഷൻ ഓഫിസർ എടുത്തു കൊണ്ടുപോയി കൃത്രിമം കാട്ടിയെന്നും തെളിഞ്ഞത്.