പത്തനംതിട്ട: നീതിതേടിയുള്ള നിരവധി സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്. പക്ഷെ കേരള ചരിത്രത്തിൽ ഇടം പിടിച്ച സമരത്തിനായിരുന്നു കഴിഞ്ഞ കൂറെ ദിവസങ്ങളായി ചിറ്റാർ കുടപ്പനയിലെ പടിഞ്ഞാറെചെരുവിൽ വീട് സാക്ഷ്യം വഹിച്ചത്. മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം ദിവസങ്ങൾ നീണ്ടപ്പോൾ ലോകശ്രദ്ധ നേടി.
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പിപി മത്തായിയുടെ ഭാര്യ ഷീബയാണ് അപൂർവ സമരത്തിന് മുന്നിൽ നിന്നത്. കൺമുന്നിൽ നിന്ന് ഏഴംഗ വനപാലക സംഘം കൂട്ടിക്കൊണ്ട് പോയ ഭർത്താവിനെ മൂന്ന് മണിക്കൂറുകൾക്ക് ശേഷം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കാണുമ്പോൾ ഏതൊരാൾക്കും തോന്നുന്ന സംശയങ്ങളെ ഷീബയ്ക്കും തോന്നിയുള്ളു. പക്ഷെ സംശയങ്ങളെ ഉള്ളിലൊതുക്കി മക്കളെയും ചേർത്ത് പിടിച്ച് കണ്ണീരൊഴുക്കാൻ തയ്യാറാകാതിരുന്ന ഷീബയുടെ നിശ്ചദാർഢ്യമാണ് ഒടുവിൽ സിബിഐ അന്വേഷണത്തിലേക്ക് എത്തിച്ചത്.
വീടിനുള്ളിൽ മെഴുകുതിരിയും കത്തിച്ച് വെള്ളത്തുണി വിരിച്ച് മത്തായിയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുമ്പോഴും നീതിക്കായുള്ള വാതിലുകളിൽ അവർ മുട്ടിക്കൊണ്ടേയിരുന്നു. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്ത ഷീബയ്ക്ക് പിന്നിൽ ആ കുടുംബവും നാട്ടുകാരും അണിചേർന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷീബ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടി. ഒടുവിൽ നാൽപ്പത് ദിവസം മോർച്ചറിയുടെ തണുപ്പിലിരുന്ന് മരവിച്ചതിന് ശേഷം മത്തായി ഇന്ന് യാത്രയാവുകയാണ്. കേസന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിശ്വാസമർപ്പിച്ച് ആ കുടുംബവും കാത്തിരിക്കുന്നു.