പത്തനംതിട്ട : പി.പി.മത്തായി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം സമർപ്പിച്ച ഹർജിയിൽ പോലീസിന്റെ റിപ്പോർട്ട് നാളെ ജില്ലാ പോലീസ് മേധാവി ഹൈക്കോടതിക്ക് സമർപ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, നിയമോപദേശം അടക്കമുള്ള വിശദമായ റിപ്പോർട്ടാണ് പോലീസ് തയാറാക്കിയിരിക്കുന്നത്.
കേസ് അന്വേഷിച്ചിരുന്ന ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി ആർ. പ്രദീപ് കുമാർ ഇപ്പോൾ അവധിയിലാണ്. പകരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ. സുധാകരൻ പിള്ളയ്ക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല . മുൻപ് ജില്ലാ സി ബ്രാഞ്ചിനായിരുന്നു കസ്റ്റഡി മരണത്തിന്റെ അന്വേഷണച്ചുമതല.
സമ്മർദം സഹിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചെന്ന ആക്ഷേപം പോലീസ് തള്ളി. നിയമ പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ എല്ലാ ചട്ടങ്ങളും പാലിക്കാതെ അറസ്റ്റ് ചെയ്താൽ അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നാണ് പോലീസിന്റെ വാദം. റിപ്പോർട്ടിൽ പ്രതികളുടെ പേരു പറയാതെയും പ്രതികളെ അറസ്റ്റ് ചെയ്യാതെയും മുൻകൂർ ജാമ്യത്തിന് പോലീസ് അവസരം ഒരുക്കുകയാണെന്ന് മത്തായിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഒന്നാം പ്രതി ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചു. മറ്റു പ്രതികളും വരും ദിവസങ്ങളിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് നടക്കാതെ മത്തായിയുടെ ശരീരം സംസ്കരിക്കില്ലെന്ന കുടുംബം നിലപാടിലാണ് കുടുംബം