ന്യൂഡല്‍ഹി: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തില്‍ കേന്ദ്രം ഇടപെടുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആണ് കേന്ദ്ര ഇടപെടലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢിക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറായ ജ്യോതിക കാല്‍റയെക്കും കത്ത് നല്‍കിയിരിക്കുന്നത്.
ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തില്‍ കേരള സര്‍ക്കാര്‍ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ല എന്നും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് കേരള സര്‍ക്കാര്‍ എന്നും വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും അനൂപ് ആന്റണി ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 20 ദിവസമായി മോര്‍ച്ചറിയില്‍ മത്തായിയുടെ ശവശരീരം കുടുംബം സൂക്ഷിച്ചിരിക്കുകയാണ്. നീതി ലഭിക്കാതെ സംസ്കാരചടങ്ങുകള്‍ നടത്തുകയില്ല എന്ന നിലപാടിലാണ് കുടുംബം.
പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് ശക്തമായ സമര പരിപാടിയിലാണ് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം. ഇതര ക്രിസ്തീയ സഭകളും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ ആണ് എഴുത്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ കേസ് ദുര്‍ബലമാക്കാന്‍ ഉള്ള സമീപനം സ്വീകരിച്ചപ്പോള്‍ വരും ദിവസങ്ങളില്‍ കേന്ദ്രം ഇടപെടും എന്നത് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.