പത്തനംതിട്ട : ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതിചേര്‍ത്തു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ആര്‍.രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.സന്തോഷ്, വി.ടി അനില്‍കുമാര്‍, വി.എം ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.വി പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. പതിനൊന്നുമാസത്തെ അന്വേഷണത്തിനു ശേഷമാണ് സി.ബി.ഐ നടപടി. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസമാണെന്ന് മത്തായിയുടെ കുടുംബം പറഞ്ഞു.
2020 ജൂലൈ 28നാണ് ചിറ്റാര്‍ കുടപ്പനയിലെ കുടുംബ വീട്ടിലെ കിണറ്റില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് 41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, മോചനദ്രവ്യം ആവശ്യപ്പെടല്‍ ഉള്‍പ്പടെ 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അറസ്റ്റടക്കമുള്ള നടപടികളാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. അതേ സമയം നിലവിലെ പ്രതികളെ കൂടാതെ ഇവരെ സഹായിച്ച രണ്ട് ഫോറസ്റ്റ് ജീവനക്കാര്‍ കൂടി പ്രതി പട്ടികയിലേക്കെത്തുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന.