കൊച്ചി : വനപാലകര്‍ കസ്‌ററഡിയിലെടുത്ത ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി.മത്തായിയുടെ മരണം ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് സംസ്ഥാനം അറിയിച്ചു. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണെല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പി.പി.മത്തായിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വനം ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന്‍കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് വനം മന്ത്രി കെ.രാജുവിന് സമര്‍പ്പിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്തതില്‍ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശം. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവന്‍ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതായാണ് വിവരം.
വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാര്‍ഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്‌തെന്നും പറയുന്നു. മത്തായിയുടെ മൃതദേഹം ഇനിയും സംസ്‌കരിച്ചിട്ടില്ല.