പത്തനംതിട്ട : സമൂഹത്തിലെ എല്ലാവർക്കും മാതൃകയാക്കുവാൻ കഴിയുന്ന ശ്രേഷ്ഠ വ്യക്തിത്വമുള്ള വിദ്യാഭ്യാസ വിചക്ഷണനാണ് ഡോ.മാത്യു.പി. ജോസഫ് എന്ന് മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.എം.ഒ ജോൺ പറഞ്ഞു. മുപ്പത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പത്തനംതിട്ട കാതോലിക്കറ്റ് കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റു കൂടിയായ പ്രിൻസിപ്പൽ ഡോ.മാത്യു.പി. ജോസഫിന് കോളജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ നല്കിയ ഓൺലൈൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
എം.ജി സർവകലാശാലയിൽ നിന്നും വിവിധ കോഴ്സുകളിലായി നൂറ്റി മുപ്പതോളം റാങ്ക് ജേതാക്കളും നാക്ക് അക്രഡിറ്റേഷനിൽ മികച്ച സ്കോറോടെ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുവാൻ കോളജിന് കഴിഞ്ഞത് പ്രിൻസിപ്പൽ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം കൊണ്ടാണ്. അക്കാദമിക്ക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി മലങ്കര ഓർത്തഡോക്സ് സഭാ മാനേജ്മെന്റിന്റെ കീഴിലുള്ള കാതോലിക്കറ്റ് കോളജിനെ വളർത്തിയതിൽ ഡോ.മാത്യു.പി. ജോസഫിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദഹം പറഞ്ഞു.
അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും അല്ലാതെയും വിവിധ വിഷയങ്ങളിൽ ഗവേഷണങ്ങളിലൂടെ നിരവധി പേർക്ക് ലഭിച്ച ഡോക്ടേറ്റുകളും കോളജിലുണ്ടായിട്ടുള്ള അക്കാദമിക്ക് നേട്ടങ്ങളും മികവുകളും ഡോ.മാത്യു.പി. ജോസഫിന്റെ ദീർഘവീഷണത്തോടെയുള്ള നേതൃത്വം മൂലം ഉണ്ടായതാണ്. കാതോലിക്കറ്റ് കോളജിന് ഉണ്ടായ നിരവധി നേട്ടങ്ങൾ ലോകത്തെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്കും കാതോലിക്കറ്റ് കോളജിന്റെ അഭ്യുദയ കാംക്ഷികൾക്കും എന്നതും പോലെ മലങ്കര ഓർത്തഡോക്സ് സഭക്കും കോർപ്പറേറ്റ് മാനേജ്മെന്റിനും അഭിമാനം നല്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ.എം.ഒ ജോൺ പറഞ്ഞു.
കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ആർ.സുനിൽകുമാർ , സെക്രട്ടറി ഷാജി മഠത്തിലേത്ത്, അലുമിനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ രാജ്യങ്ങളിലെ അലുമ്നി ചാപ്റ്റർ പ്രതിനിധികളുമായ ഫാ. സാം.പി.ജോർജ്ജ്, പ്രൊഫ.ജി.ജോൺ, ഡോ. വർഗീസ് പേരയിൽ, അഡ്വ. അനിൽ. പി.വർഗീസ്, സുനിൽ മാമ്മൻ, ബിജു ഏബ്രഹാം കുളത്തൂർ, അഡ്വ. ഷെബിർ അഹമ്മദ്, ഡോ. റെനി. പി.വർഗീസ്,അഡ്വ. മനോജ് തെക്കേടം, ഡോ. അനു.പി.റ്റി, ഡോ.ഗിഫ്റ്റി വർഗീസ്, ഫിലിപ്പ് ജോൺ, ജോബി കളീക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ.മാത്യു .പി. ജോസഫിനെ അലുമ്നി അസോസിയേഷൻ മൊമെന്റോ നല്കി ആദരിച്ചു.