കോന്നി: കല്ലേലിയില്‍ ചെളിക്കുഴി കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയില്‍ കല്ലറ ഇളക്കി മാറ്റി വെള്ളരിക്കയും അറബി സൂക്തങ്ങള്‍ എഴുതിയ താളിയോലയും നിക്ഷേപിച്ച സംഭവത്തില്‍ ദുഷ്‌കര്‍മ്മം ചെയ്ത് നല്‍കിയ മൗലവിയെ പോലീസ് പിടികൂടി. പൂവന്‍പാറ റഹ്മാനിയ മന്‍സിലില്‍ സൈനുദീന്‍ മൗലവി (52) നെ ആണ് കോന്നി പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. കോന്നിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ മുസ്ലിം പള്ളികളില്‍ മൗലവിയായി സേവനം അനുഷ്ടിച്ച ഇയാള്‍ അറബി ചികിലാ കേന്ദ്രം നടത്തിവരികയായിരുന്നു.
കല്ലേലി എസ്റ്റേറ്റില്‍ തൊഴിലാളിയായ വാഴമുട്ടം സ്വദേശിയായ വീട്ടമ്മ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് മൗലവി പോലീസിനോട് സമ്മതിച്ചു. ഇവരുടെ മകന് മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടെന്നും ഇത് ഒഴിവാക്കി തരാന്‍ ദുഷ്‌കര്‍മ്മം ചെയ്ത് നല്‍കണം എന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൗലവി വെള്ളരിയും അറബി സൂക്തങ്ങള്‍ അടങ്ങിയ താളിയോല ഉള്‍പ്പെടെ ഉള്ള വസ്തുക്കള്‍ വീട്ടമ്മയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് ഏതെങ്കിലും ഒരു കല്ലറയില്‍ നിക്ഷേപിക്കാന്‍ ആണ് പറഞ്ഞിരുന്നത് എന്നും മൗലവി പറഞ്ഞതായി കോന്നി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ദേവരാജന്‍ പറഞ്ഞു. വീട്ടമ്മക്കായി പോലീസ് തിരച്ചില്‍ തുടരുന്നുണ്ട്. പ്രതിയെ കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിടുമെന്നും പോലീസ് അറിയിച്ചു. 25 ന് ഞായറാഴ്ചയാണ് കല്ലേലി ചെളിക്കുഴി കത്തോലിക്കാ പള്ളിയുടെ സെമിത്തേരി ഇളക്കി ഇതിനുള്ളില്‍ വെള്ളരിക്കയും മറ്റ് വസ്തുക്കളും നിക്ഷേപിച്ചത്. നെടുവുംപുറത്ത് വടക്കേതില്‍ കെ വി വര്‍ഗീസിന്റെ കല്ലറയാണ് പൊളിച്ചത്. പതിനെട്ടാം ചരമ വാര്‍ഷീകം ആചരിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം ബന്ധുക്കള്‍ കല്ലറ വൃത്തിയാക്കുന്നതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.