പത്തനംതിട്ട: മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ അത്യാവശ്യ മരുന്നുകളുടെ ദൌര്‍ലഭ്യവും എത്രയുംവേഗം പരിഹരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തിരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവ കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളെയാണ്. ഈ കേന്ദ്രങ്ങളില്‍ ഇന്‍സുലിന്‍, പ്രഷറിനുള്ള ലോസാര്‍ട്ടില്‍, ഷുഗറിനുള്ള മെറ്റാഫോമിന്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ കൂടാതെ അടിയന്തിരാവശ്യങ്ങള്‍ക്കുള്ള മിക്ക മരുന്നുകളും ലഭ്യമല്ല. കൂടാതെ പ്രതിരോധ സാമഗ്രികളുടെയും ലഭ്യതക്കുറവും ഇവിടെ അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മാവേലി സ്റ്റോറുകളിലൂടെ കിറ്റുവിതരണം ആരംഭിച്ചതോടെ പൊതുജനങ്ങള്‍ക്കാവശ്യമായ അവശ്യവസ്തുക്കള്‍ ഇവിടെയൊന്നുമില്ല . പഞ്ചസാര, കടല, തുവര, ഉഴുന്ന്, ചെറുപയര്‍, പാണ്ടി മുളക് തുടങ്ങിയ സാധനങ്ങള്‍ മിക്ക മാവേലി സ്റ്റോറുകളിലും ലഭ്യമല്ല. ജില്ലാ കളക്ടര്‍ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നും വെട്ടൂര്‍ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.