പാലക്കാട്: രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനി ഒയാസിസിന് കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് ഉൾപ്പെടെ അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി എം എബി രാജേഷ്. ടെൻഡർ നൽകിയത് കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണെന്നും, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുവെന്നും പറഞ്ഞ അദ്ദേഹം, അനുമതി എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമ്മാണത്തിനായാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മദ്യനയത്തിൻ്റെ ഭാഗമായാണിതെന്നും, പ്രദേശത്ത് കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകുമെന്നും പറഞ്ഞ മന്ത്രി, സർക്കാർ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും, പ്രതിപക്ഷ ആരോപണം സ്വാഭാവികമാണെന്നും പ്രതികരിച്ചു. സംഭവത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയാണെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ഇത് പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒയാസിസിന് മാത്രം എങ്ങനെ അനുമതി ലഭിച്ചുവെന്ന് ചോദിച്ച രമേശ് ചെന്നിത്തല, പാരിസ്ഥിതിക പഠനം നടന്നോയെന്നും, ടെൻഡർ ക്ഷണിച്ചോയെന്നും ആരാഞ്ഞു. ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് വീണ്ടും അനുമതി കൊടുത്തിരിക്കുന്നതെന്നും, പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.