കാഞ്ഞങ്ങാട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും. കമറുദ്ദീനെതിരെ പതിമൂന്ന് കോടിയുടെ തട്ടിപ്പിന് തെളിവുണ്ട്. ഇവ ശേഖരിക്കാൻ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു പ്രൊസിക്യൂഷന്‍റെ വാദം. ഇത് പരിഗണിച്ച് രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എംസി കമറുദ്ദീൻ ആവര്‍ത്തിച്ചിരുന്നത്. എല്ലാം പൂക്കോയ തങ്ങളാണ് ചെയ്തതെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു. അന്വേഷണ സംഘത്തിന് ഇതുവരെ കമറുദ്ദീന്‍റെ കയ്യിൽ നിന്ന് മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.