കാസര്‍കോട് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട എം സി കമറുദ്ദീന്‍ എം എല്‍ എ യെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക.
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കേസുകളില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിച്ചു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് കമറുദ്ദീനുവേണ്ടി ഹാജരായത്. ക്രിമിനല്‍ കുറ്റം നടന്നതായി പരാതിക്കാര്‍ പോലും കമറുദ്ദീനെതിരെ ആരോപണമുന്നയിച്ചിട്ടില്ലെന്ന് ശ്രീധരന് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.