കാസർകോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കമറുദ്ദീൻ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് സർക്കാർ നിലപാട്. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്.
തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ കമറുദ്ദീനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇന്നലെ ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു.