കോന്നി : തണ്ണിത്തോട് മേടപ്പാറയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്ത് പോത്തുകൾക്ക് പരുക്ക്. മേടപ്പാറ കൊച്ചുതടത്തിൽ വീട്ടിൽ രമണൻ, ഈട്ടിമൂട്ടിൽ വീട്ടിൽ സുരേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പോത്തുകൾക്കാണ് പരുക്കേറ്റത്.
സുരേഷിന്റെ പോത്തിന്റെ മുതുകിനും രമണന്റെ പോത്തിന് കാലിലും ആഴത്തിൽ പരുക്കേറ്റിറ്റുണ്ട്. സംഭവം വീട്ടുകാർ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പോത്തുകൾക്ക് ചികിത്സ ലഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സംഭവത്തിൽ ഏത് ജീവിയുടെ ആക്രമണമാണ് നടന്നതെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് അറിയുന്നതിനായി പ്രദേശത്ത് നിന്ന് കണ്ടെത്തിയ കാൽപ്പാടുകളും പോത്തിന്റെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും പെരിയാർ ടൈഗർ റിസർവ്വ് അധികൃതർക്ക് കൈമാറിയതായും വനപാലകർ അറിയിച്ചു. കഴിഞ്ഞ വർഷമാണ് മേടപ്പാറയിൽ കടുവയുടെ ആക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടത്.