പത്തനംതിട്ട: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഗുണ്ടകളുടെ അഭയകേന്ദ്രവും ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയും മറ്റ് നേതാക്കളും ക്രിമിനലുകളുടെ സംരക്ഷകരുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കാപ്പ ചുമത്തി അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ബി.ജെ.പി അനുഭാവിയായ ശരണ്‍ ചന്ദ്രനടക്കമുള്ളവരെ സംസ്ഥാന ശിശുക്ഷേമ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന ആരോഗ്യമന്ത്രിയുടേയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ സി.പി.എം അംഗത്വം നല്‍കി സ്വീകരിച്ച നടപടി രാഷ്ട്രീയ ധാര്‍മ്മികതയുടെ ലംഘനവും സി.പി.എം പാര്‍ട്ടിയുടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ വല്‍ക്കരണത്തിന്‍റെ അവസാനത്തെ ഉദാഹരണവുമാണ്.
ജില്ലയിലെ സി.പി.എമ്മും അതിന്‍റെ നേതാക്കളും ഗുണ്ടാ, മദ്യ, മണല്‍, ക്വാറി മാഫിയകളുടെ സംരക്ഷകരും സഹായികളുമാണെന്ന കോണ്‍ഗ്രസ് വെളിപ്പെടുത്തലുകളുടെ നേര്‍സാക്ഷ്യവുമാണ് കഴിഞ്ഞ ദിവസം കുമ്പഴയില്‍ കണ്ടത്. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന 20 ല്‍ പരം സഹകരണ ബാങ്കുകളാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്ത് പിടിച്ചടക്കിയത്. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏനാത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, പത്തനംതിട്ട, തിരുവല്ല കാര്‍ഷിക വികസന ബാങ്കുകള്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ട ചില ബാങ്കുകളാണ്.
ഇത്തരം പിടിച്ചടക്കലുകള്‍ നടത്തി സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കുകയും ബാങ്കുകളെ നാശത്തിലെത്തിക്കുകയും ചെയ്തത് ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. കൊലപാതകങ്ങള്‍, ബലാത്സഗങ്ങള്‍, ആംബുലന്‍സ് പീഡനം, മദ്യം, മയക്കുമരുന്ന്, കഞ്ചാവ് കച്ചവടം, മണ്ണ്, മണല്‍ കടത്ത്, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ എന്നിവ ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്നത് ഭരണത്തിന്‍റെ തണലില്‍ സി.പി.എം നേതാക്കള്‍ നല്‍കുന്ന സംരക്ഷണത്തിലാണ്. തിരുവല്ലയില്‍ ബലാത്സംഗ കേസ് പ്രതിയെ പേരിനു പുറത്താക്കിയ ശേഷം അതിന്‍റെ മഷി ഉണങ്ങുന്നതിന് മുന്‍പ് തിരിച്ചെടുത്ത് മാതൃക കാട്ടിയ പാര്‍ട്ടിയാണ് ജില്ലയിലെ സി.പി.എം.
ജില്ലയില്‍ അധികാരം കൈയ്യാളുന്ന ആരോഗ്യമന്ത്രിയും, ഭര്‍ത്താവും നടത്തുന്ന അനധികൃത നിയമനങ്ങളും റോഡ് കൈയ്യേറ്റങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ല. കൊടുമണ്ണില്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്‍റെ ഓടയുടെ അലൈന്‍മെന്‍റ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മാറ്റി മറിച്ചത് ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്‍റെ കെട്ടിടം സംരക്ഷിക്കാനാണെന്നത് യഥാര്‍ത്ഥ വസ്തുതയാണ്. ജനാധിപത്യ വിശ്വാസികള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ടുള്ള ജില്ലയിലെ ഭരണകക്ഷി നേതാക്കളുടെ ആസ്തി വര്‍ദ്ധനവ് പുറത്തുവിടാന്‍ തയ്യാറാകുകയും സംസ്ഥാന വിജിലന്‍സ് ഇതെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു.
പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനുകളിലായി നിരവധി ഗുരതര കേസുകളില്‍ പ്രതിയായ ഗുണ്ടയെ മാര്‍ക്സിസ്റ്റ് വിപ്ലവ മുദ്രാവാക്യം മുഷ്ടിചുരട്ടി വിളിച്ച് രക്തഹാരം അണിയിച്ച് സ്വീകരിച്ച ഭരണഘടനയെതൊട്ട് സത്യം ചെയ്ത മന്ത്രിയും, തൊഴിലാളി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ചെയ്തത് ജുഗുപ്സാവഹമായ നടപടിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. ഇത്തരത്തില്‍ സി.പി.എം നടത്തുന്ന അധാര്‍മ്മികമായ ജനാധിപത്യ വിരുദ്ധ നടപടിക്കും അധികാര ദുര്‍വിനിയോഗത്തിനും സ്വജന പക്ഷപാതത്തിനും, മാഫിയകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ക്കും എതിരായി ജനങ്ങള്‍ നല്‍കിയ താക്കീതാണ് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആന്‍റോ ആന്‍റണി നേടിയ തിളക്കമാര്‍ന്ന വിജയവും, തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനുണ്ടായ നേട്ടങ്ങളും, കാലുമാറ്റി ഭരണം അട്ടിമറിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുണ്ടായ തിരിച്ചടികളും സി.പിഎമ്മിന് ജില്ലയിലേറ്റ പ്രഹരമാണ്. പത്ര സമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവരും പങ്കെടുത്തു.