അടൂര്‍ : ബൈക്കില്‍ സഞ്ചരിക്കവേ മരം ഒടിഞ്ഞു വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി രാധാകൃഷ്ണ കുറുപ്പ് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്. ജന്മഭൂമി ദിനപത്രം അടൂര്‍ ലേഖകനാണ് പി.ടി രാധാകൃഷ്ണ കുറുപ്പ്.
അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. വാകമരമാണ് കടപൂഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെല്‍മറ്റും ഊരിമാറി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : രാജലക്ഷ്മി, മക്കള്‍ : പി.ആര്‍. ലക്ഷ്മി, പി.ആര്‍.വിഷ്ണു, പി.ആര്‍. പാര്‍വതി.