കൊച്ചി : സംസ്ഥാനത്തെ പല മാധ്യമ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ആക്ഷേപം. ഒന്നോ രണ്ടോ മുന്‍നിര സ്ഥാപനങ്ങളൊഴികെ മിക്കയിടത്തും മാസങ്ങളായി ശമ്പളം കൃത്യമായി നല്‍കുന്നില്ലെന്നാണ് പരാതി. വേജ് ബോര്‍ഡ് നടപ്പാക്കിയ പത്രങ്ങളില്‍ പലതിലും ഇനിയും കൃത്യമായി ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ 15 ന് ചേര്‍ന്ന വേജ് ബോര്‍ഡ് മോനിട്ടറിംഗ് കമ്മറ്റിയില്‍ അവതരിപ്പിച്ചു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വേജ്‌ബോര്‍ഡ് മോണിറ്ററിങ് കമ്മറ്റി ചേര്‍ന്നത്.
മംഗളത്തില്‍ ശമ്പളവുമില്ല പിഎഫുമില്ല ; ദീപികയില്‍ ശമ്പളം കിട്ടാക്കനി ; വേജ് ബോര്‍ഡ് അട്ടിമറിച്ച് സുപ്രഭാതം ; ആദ്യത്തെ ആവേശം കെട്ട് മാധ്യമം ; പ്രമോഷന്‍ നിഷേധിച്ച് മാതൃഭൂമി. കാര്യമായ പ്രയോജനമില്ലെങ്കിലും മോണിറ്ററിങ് കമ്മറ്റിക്ക് മുന്നില്‍ മാധ്യമ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ദീപിക, മംഗളം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളില്‍ മാസങ്ങളായി ശമ്പളം നല്‍കുന്നില്ലെന്നാണ് പരാതി.
ദീപികയ്ക്ക് മാസങ്ങളുടെ ശമ്പള കുടിശികയുണ്ടെന്നാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഒപ്പം രണ്ടു വര്‍ഷമായി പിഎഫും മുടങ്ങി കിടക്കുകയാണ്. അവധിയാത്ര ബത്തയും ഇവിടെ ഇല്ല. പല ആനുകൂല്യവും ഇവിടെ ലഭ്യമല്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ആക്ഷേപം. ശമ്പളസ്‌കെയില്‍ സ്റ്റാഗ്നേഷനാണ്. പിഎഫ് വിഹിതം കുടിശികയാണ്.
19 ലക്ഷം രൂപ കുടിശികയുണ്ടെന്ന് മാനേജ്‌മെന്റ് സമ്മതിച്ച കണക്കാണ്. ടിഎ, രാത്രി ബത്ത എന്നിവ കിട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മൂന്നു വര്‍ഷമായി ബോണസുമില്ല. താരതമ്യേന ഏറ്റവും കുറഞ്ഞ ഗ്രേഡിലെ ക്ലാസ് ഏഴിലാണ് വേജ് ബോര്‍ഡ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ചന്ദ്രികയിലും ശമ്പളം തന്നെ പ്രശ്‌നം മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. പിഎഫ് അടയ്ക്കാറേയില്ല. മറ്റ് ആനുകൂല്യങ്ങളും കിട്ടാറില്ല.
വരുമാനമുണ്ടായിട്ടും ക്ലാസ് ആറിലാണ് സുപ്രഭാതം വേജ് ബോര്‍ഡ് നടപ്പിലാക്കിയത്. പക്ഷേ ക്ലാസ് ഏഴിന്റെ ഗുണം പോലും ജീവനക്കാര്‍ക്ക് കിട്ടുന്നില്ല. ഡിഎ നടപ്പിലാക്കിയിരിക്കുന്നത് വേജ് ബോര്‍ഡിന്റെ യാതൊരു രീതിയിലുമല്ല. മെഡിക്കല്‍ അലവന്‍സോ, നൈറ്റ് അലവന്‍സോ, ബോണസോ നല്‍കാറില്ല. കരാര്‍ തൊഴിലാളികള്‍ക്ക് യാതൊരു പ്രയോജനവും ഇല്ല. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയാലും സ്ഥിരം നിയമനമില്ല. പലര്‍ക്കും ബാങ്കിലൂടെ ശമ്പളമില്ലെന്നും പരാതിയുണ്ട്.
സ്ഥലമാറ്റത്തിനോ പ്രമോഷനോ യാതൊരു മാനദണ്ഡവുമില്ല. കുറഞ്ഞ ശമ്പളക്കാരെ പോലും പലയിടത്തേക്കും മാറ്റി മാറ്റി നിയമിക്കുന്നത് ജീവനക്കാര്‍ക്ക് പീഡനമാവുകയണെന്നും ആക്ഷേപമുണ്ട്. ഇന്ത്യയില്‍ തന്നെ രണ്ടാമത് വേജ് ബോര്‍ഡ് നടപ്പാക്കിയ സ്ഥാപനം പക്ഷേ ഇപ്പോള്‍ ക്ലാസ് താഴ്ത്താനുള്ള നീക്കമാണ് നടത്തുന്നത്. ക്ലാസ് നാലില്‍ നല്‍കേണ്ട 35 ശതമാനം വേരിയബിള്‍ പേയുടെ സ്ഥാനത്ത് 28 ശതമാനമാണ് ആറു വര്‍ഷമായി സ്ഥാപനം നല്‍കുന്നത്. ക്ലാസ് താഴ്ത്തി ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം ഇപ്പോള്‍ നടക്കുന്നത്. ക്ലാസ് താഴ്ത്താന്‍ ശ്രമം നടക്കുമ്പോഴും വരുമാന പരിധി 50 കോടിക്കും 100 കോടിക്കും ഇടയിലാണന്നും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.
വേജ്‌ബോര്‍ഡിന് മുമ്പ് ഏഴുവര്‍ഷം കൂടുമ്പോള്‍ കിട്ടിയിരുന്ന പ്രമോഷന്‍ ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞാലും ഇല്ല. സര്‍വീസില്‍ കയറി കഴിഞ്ഞ് 12 വര്‍ഷം കഴിഞ്ഞിട്ടും പ്രമോഷനില്ലാതെ സബ്എഡിറ്ററായി കഴിയുന്നത് 36 പേരാണ്. ചീഫ് സബ് എഡിറ്ററായി 10 വര്‍ഷം കഴിഞ്ഞിട്ടും അതേ തസ്തികയില്‍ തുടരുന്നത് 20 പേര്‍. ഇതില്‍ ചിലരാകട്ടെ വര്‍ഷം 18 കഴിഞ്ഞു. പല യൂണിറ്റിലും ന്യൂസ് എഡിറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ് പകരം ഉള്ളത്. പക്ഷേ അവര്‍ക്ക് ന്യൂസ് എഡിറ്ററുടെ ശമ്പളവുമില്ല.
കേരളാ കൗമുദിയില്‍ അവധിയാത്രാ ബത്തയില്ല. പലരും വേജ് ബോര്‍ഡ് പരിധിയില്‍ ഇല്ലാത്തതിനാല്‍ പരാതി പറയാനും ആകുന്നില്ല. വേജ ബോര്‍ഡ് വന്നതോടെ പ്രതീക്ഷയിലായിരുന്ന പല മാധ്യമ പ്രവര്‍ത്തകരും കടുത്ത നിരാശയിലാണ്. കോവിഡിന്റെ പേരു പറഞ്ഞ് ശമ്പളം ഇനിയും കുറയ്ക്കാനുള്ള മാനേജ്‌മെന്റുകളുടെ നടപടിയില്‍ കടുത്ത പ്രതിഷധം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ട്.