കൊച്ചി: കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു. നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന പരാമര്‍ശം ഉള്ളത്.
ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവന്‍ നഷ്ടപ്പെട്ടു. പുറംലോകം അറിയാത്തതുകൊണ്ടുമാത്രം ജീവനക്കാര്‍ രക്ഷപ്പെട്ടു. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നായിരുന്നു സന്ദേശം. എന്നാല്‍ നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും, ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഓഫീസര്‍ പിന്നീട് വിശദീകരിച്ചു.
അതേസമയം, മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഹാരിസിന്റെ മരണത്തില്‍ സംശയമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ പിഴവുമൂലമുള്ള കൊലപാതകമാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു.