കോന്നി : മൂത്രാശയ കല്ലിന് ഏറ്റവും മികച്ചതെന്ന് ആയൂർവേദം അവകാശപ്പെടുന്ന കല്ലൂർ വഞ്ചി കല്ലാറിൽ നിന്ന് അപ്രത്യക്ഷമായി. കല്ലാറിൽ ഒരു കാലത്ത് സമൃദ്ധമായി വളർന്നിരുന്ന കല്ലൂർ വഞ്ചിയുടെ വേര് പോലും ഇന്ന് കാണാനില്ല. ശരീരത്തിൽ കാത്സ്യം കട്ടിയായി ഉണ്ടാകുന്ന മൂത്രാശയകല്ലിനെ പൊടിച്ചു കളയുവാനുള്ള കല്ലൂർ വഞ്ചി എന്ന ഈ ഔഷധ ചെടി തേടി ദൂരെ സ്ഥലങ്ങളിൽ നിന്ന് പലരും കല്ലാറിന്റെ തീരങ്ങളിൽ ഒരു കാലത്ത് എത്തിയിരുന്നു. കല്ലാറിലെ കല്ലുകൾക്ക് ഇടയിലും ചതുപ്പിലും ആയിരുന്നു ഇത് കൂടുതലായും വളർന്നിരുന്നത്. കല്ലാറിന്റെ ഉത്ഭവ സ്ഥാനം മുതൽ കടവ്പുഴ വരെ ഈ ഔഷധ ചെടി നിലനിന്നിരുന്നു. ഔഷധ ഗുണമുള്ള പ്രധാന ഭാഗം വേര് ആയതിനാൽ കല്ലൂർ വഞ്ചി തേടി എത്തിയിരുന്നവർ വേരോടെ ഇത് പിഴുത് കൊണ്ടുപോയിരുന്നു.
വേരോടെ പിഴുത് മാറ്റപ്പെട്ടത്കൊണ്ടോ കല്ലാറ്റിൽ പിന്നീട് ഉണ്ടായ മാറ്റങ്ങൾ കൊണ്ടോ ആകാം കല്ലൂർ വഞ്ചി പൂർണ്ണമായും ഇവിടെ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ശ്വാസകോശ, നേത്രരോഗങ്ങൾക്കും ഫലപ്രദമാണെന്ന് നാട്ടു വൈദ്യൻമാർ പറയുന്നു. പനി, ചുമ, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കും കല്ലൂർ വഞ്ചി ഉപയോഗിച്ചിരുന്നു. അരമീറ്റർ ഉയരത്തിൽ വളരുന്ന കല്ലൂർവഞ്ചിയിൽ വെളളയും നീലയും ചുവപ്പും നിറത്തിൽ പൂക്കളുണ്ടാകും. റോട്ടുല അക്വാട്ടിക എന്നാണ് ശാസ്ത്ര നാമം. ഒരു കാലത്ത് സമൃദ്ധമായി കല്ലാറിൽ വളർന്നിരുന്ന ഈ ഔഷധ ചെടി എങ്ങനെ ഇല്ലാതെയായി എന്നതിനെകുറിച്ച് യാതൊരു പഠനങ്ങളും നടന്നിട്ടില്ല. കല്ലാറിൽ വീണ്ടും കല്ലൂർവഞ്ചിയുടെ വേരുകൾ ആഴ്ന്നിറങ്ങുവാൻ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ആവശ്യമാണ്.