നിരണം : രണ്ടാമത് അപ്പർകുട്ടനാട് ജലോത്സവത്തിലെ ചുണ്ടൻവള്ളങ്ങളുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മേൽപ്പാടം ചുണ്ടൻ കന്നിയങ്കത്തിൽത്തന്നെ കിരീടം കരസ്ഥമാക്കി. സോളി വർഗീസ് മേൽപ്പാടം ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് മേൽപ്പാടം ചുണ്ടൻ തുഴഞ്ഞത്. ഷാഹുൽ അമീദ് ക്യാപ്റ്റനായ വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് രണ്ടാംസ്ഥാനം. കെ.ജി.ഏബ്രഹാം ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനാണ് മൂന്നാംസ്ഥാനം. 10 ചുണ്ടൻ വള്ളങ്ങൾ തമ്മിലാണ് മത്സരം നടന്നത്. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ നവജ്യോതി ഒന്നാമതും ഷോട്ട് പുളിക്കത്തറ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ സെയ്ന്റ് ജോസഫ് ഒന്നാമതും ദാനിയേൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
കടപ്ര ബേദ്‌ലഹേം സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്കടവ് മുതൽ നിരണം സെയ്ന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള 1150 മീറ്റർ ദൂരത്തിലുള്ള പമ്പയാറിലെ ട്രാക്കിലാണ് മത്സരങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ച നിരണം പമ്പയാറിൽ അരങ്ങേറിയ മത്സരം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കുരുവിള അധ്യക്ഷത വഹിച്ചു. മുൻ റാന്നി എം.എൽ.എ. രാജു ഏബ്രഹാം മാസ് ഡ്രിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കോശി ഏബ്രാഹം ഇലഞ്ഞിക്കൽ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി നിരണം ഗ്രാമപ്പഞ്ചായത്ത് അംഗം ലല്ലു കാട്ടിൽ, സൂസൻ സി.ജേക്കബ്, ജോജി എ.ജേക്കബ്, ജോർജ് മാലിപ്പുറത്ത്, കെ.ടി.ദേവദാസ്, റെജി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. നിരണം, കടപ്ര പഞ്ചായത്തുകളിലെ ജലോത്സവ പ്രേമികളുടെ സംയുക്ത സംരംഭമായ അപ്പർ കുട്ടനാട് ബോട്ട് ക്ലബ്ബാണ് ഈ ജലോത്സവം സംഘടിപ്പിച്ചത്.