ന്യൂഡൽഹി : വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് സിംഘുവിൽ പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം ചേരുക. ഇതിനു പിന്നാലെ കർഷക നേതാക്കൾ അടങ്ങുന്ന കോർ കമ്മിറ്റി യോഗവും ചേരും. ഈ യോഗത്തിൽ എടുക്കുന്ന തീരുമാനം ഞായറാഴ്ച ചേരുന്ന സംയുക്ത കിസാൻ മോർച്ച ചർച്ച ചെയ്യും.
ഇതിനു ശേഷം സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷകർ അന്തിമ തീരുമാനം എടുക്കും. പാർലമെന്റിൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കർഷക സംഘടനകളുടെയും നിലപാട്. അതേസമയം കോൺഗ്രസ് ഇന്ന് കർഷക വിജയ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ കർഷക റാലികളും കർഷക സഭകളും സംഘടിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആഹ്വാനം ചെയ്തു.