കണ്ണൂർ സ്ക്വാഡും അതിലെ ടാറ്റ സുമോയും വൻ ട്രെൻഡിംഗാണ് കേരളത്തിൽ ഇപ്പോൾ. ഇതിന്റെ ഓളം കെട്ടടങ്ങുന്നതിനു മുമ്പ് ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച സിനിമയുടെ നായകൻ മമ്മൂട്ടി മറ്റൊരു കാറിനെ കൂടി സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്ററാക്കിയിരിക്കുകയാണ്. മറ്റേതുമല്ല മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ വാഹനമായ മെർസിഡീസ് ബെൻസിന്റെ കരുത്തൻ ഹാച്ച്ബാക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പുത്തൻ ആഡംബര കാറിൽ എയർപോർട്ടിലേക്ക് മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ ഇഷ്‌ട നമ്പരിനായി താരം ലക്ഷങ്ങൾ വാരിയെറിഞ്ഞ വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു. അത് ഈ പുത്തൻ കാറിനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥിക്ക് KL 07 DC 0369 എന്ന നമ്പർ സ്വന്തമാക്കിയത് 1.31 ലക്ഷം രൂപ മുടക്കിയാണ്. മലയാളത്തിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തനാണ് മമ്മൂക്ക.
അന്നുമുതല്‍ മമ്മൂട്ടിയുടെ ഗരാജില്‍ എത്തിയ പുത്തൻവണ്ടി ഏതാണെന്ന തിരച്ചിലില്‍ ആയിരുന്ന വാഹനപ്രേമികള്‍ക്ക് അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്. ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം നാം പല തവണ കേട്ടിട്ടുണ്ട്. കാർ മാത്രമല്ല അതിന്റെ നമ്പരും വേറിട്ടുനിൽക്കണമെന്ന ചിന്താഗതിയുള്ളയാളാണ് ഇക്ക. തൻ്റെ എല്ലാ വാഹനങ്ങൾക്കും 369 സ്വന്തമാക്കാൻ മെഗാസ്റ്റാർ ശ്രമിക്കാറുണ്ട്. റെഡ് കളറിൽ ഒരുങ്ങിയിരിക്കുന്ന മെർസിഡീസ് ബെൻസ് AMG A45 S 4മാറ്റിക്കാണ് മമ്മൂക്കയുടെ പുത്തൻ കാർ. രാജ്യത്തെ പെർഫോമൻസ് കാറുകളിലെ രാജവായാണ് ഈ ജർമൻ മോഡൽ അറിയപ്പെടുന്നതു തന്നെ. മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെൻസാണ് ഈ പെർഫോമൻസ് ഹാച്ച്ബാക്ക്. 92.50 ലക്ഷം രൂപയാണ് മെർസിഡീസ് ബെൻസ് AMG A45 S ലക്ഷ്വറി കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.