കോഴഞ്ചേരി : പുതിയ നൂറ്റാണ്ട് പിറന്നപ്പോഴുണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങള്‍ ഓര്‍മ പുതുക്കാന്‍ വീണ്ടും ഒത്തുകൂടി. 23 വര്‍ഷത്തിനിടെ അന്നത്തെ അംഗങ്ങളില്‍ നാലുപേരെ പ്രസിഡന്റുമാരായി പഞ്ചായത്ത് നയിച്ചു. അയിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2000 ല്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഒരിക്കല്‍ക്കൂടി യോഗം ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചത്. പുതിയ
ഭരണസമിതിയില്‍ ഒപ്പം ഉണ്ടായിരുന്ന ഫിലിപ്പ് സൈമണ്‍, ബേബി പേക്കാവുങ്കല്‍ എന്നിവരുടെ സ്‌മരണ പുതുക്കാനാണ് കൂട്ടായ്‌മ തുടങ്ങിയത്.
രണ്ടായിരമാണ്ടില്‍ പ്രസിഡന്റായിരുന്ന പ്രസാദ് കൈലാത്ത് അന്നത്തെ അംഗവും നിലവില്‍ പ്രസിഡന്റുമായ അമ്പിളി പ്രഭാകരന്‍, തുടര്‍കാലയളവില്‍ പ്രസിഡന്റുമാരായിരുന്ന തോമസ് തമ്പി, ശ്രീജാ വിമല്‍, പ്രതിപക്ഷത്തെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന വിദ്യാധരന്‍ അമ്പലാത്ത്, സി.കെ. സജികുമാര്‍, അന്നമ്മ വര്‍ഗീസ്, പത്മാവതിയമ്മ, മറിയക്കുട്ടി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. അക്കാമ്മ ജോണ്‍സണ്‍, ഹരീന്ദ്രനാഥ കുറുപ്പ് എന്നിവര്‍ ഒഴികെയുള്ളവരെല്ലാം പഴയ കമ്മിറ്റിയില്‍ ഒത്തുകൂടി ഓര്‍മ്മകള്‍ പങ്കുവെച്ചു.
വാര്‍ഡുകളില്‍ സാസ്‌കാരികനിലയം, ഇടപ്പാവൂരില്‍ മാവേലി സ്‌റ്റോര്‍ എന്നിവയും അക്കാലത്തുണ്ടായി. 13 വാര്‍ഡ്, ആറു വനിതകള്‍, ആറ് ജനറല്‍, ഒരു എസ് സി അംഗം എന്നിങ്ങനെ ആയിരുന്നു ഭരണസമിതി. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ വരവോടെ പഞ്ചായത്ത് പ്രവര്‍ത്തനം ശക്‌തിപ്പെട്ടു. സ്‌റ്റേഡിയവും ഓഫീസ് കെട്ടിടവും അന്ന് പുതുതായി നിര്‍മ്മിച്ചു. ഒട്ടേറേ പുതിയ പദ്ധതികള്‍ക്ക് അന്ന് തുടക്കം കുറിച്ചതായും കൂട്ടായ്‌മ ഓര്‍ത്തു.